Saturday, December 27, 2008

വെജിറ്റേറിയന്‍ ഇറച്ചിക്കറി

കഴിഞ്ഞ ഞായറഴ്ച......

പതിവു പോലെ അല്‍പം സ്ലോ ആയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഞായറാഴ്ചകളങ്ങനാണ്. പോരാത്തതിന് വീട്ടില്‍ ഞാനും മക്കളും മാത്രമേ അന്നുള്ളൂ.

നേരം ഒരു മണിയോടടുക്കുന്നു. ഉച്ചക്ക് ഒന്നും തയ്യാറായിട്ടില്ല. ചപ്പാത്തി (റൊട്ടിയെന്നാണ് ഞങ്ങള്‍ പറയാറ്) മതിയെന്ന് മൂത്തമകള്‍ക്ക് നിര്‍ബന്ധം. ഉത്തരേന്ത്യന്‍ ഭക്ഷണരീതിയാണ് അവള്‍ക്ക്ക്കിഷ്ടം. മൂന്ന് നേരവും റൊട്ടി കൊടുത്താലും സന്തോഷത്തോടെ കഴിച്ചുകൊള്ളും. ചോറ് കാണുമ്പോഴേ അവള്‍ക്ക് ദേഷ്യമാണ്. എനിക്ക് ഒരു നേരമെങ്കിലും ചോറുണ്ടില്ലെങ്കില്‍ ദേഷ്യം.

എന്നാല്‍പ്പിന്നെ അങ്ങനാട്ടെ എന്നു ഞാനും കരുതി. പണിയും ലാഭം. അല്ലെങ്കില്‍ തന്നെ ഡല്‍ഹിയിലെ ഈ കൊടുംതണുപ്പത്ത് റൊട്ടിതന്നാ നല്ലത്.

അപ്പോഴാണ് മൂക്കത്തടിച്ചു കയറുന്ന മണം. ഞങ്ങളുടെ ഫ്ളാറ്റിന്റെ താഴെ താമസിക്കുന്നത് ഓറീസ്സാക്കാരാണ്. അവരുടെ വീട്ടില്‍ നോണ്‍വെജ് ഉണ്ടാക്കുകയാണ്. ചെറുതായിട്ട് വിശപ്പും തുടങ്ങിയിട്ടുണ്ട്. എന്റെ മോള്‍ക്കാണേല്‍ കൊതിവന്നിട്ട് വയ്യ. അവളെപ്പോലെ കോഴി കൊതിച്ചി വേറെ കാണില്ല. ഒരു മുഴുവന്‍ കോഴിയെ കിട്ടിയാലും തീര്‍ത്തുകൊള്ളും. കഴിഞ്ഞജന്മം കുറുക്കനായിരുന്നോ എന്ന് ഞങ്ങള്‍ കളിയാക്കാറുണ്ട്.

മണ്ഡലകാലമായതിനാല്‍ 41 ദിവസം ശുദ്ധസസ്യാഹാരികളാണ്. അതുകൊണ്ട് കുറച്ച് ദിവസമായി അവള്‍ നോണ്‍വെജ് കഴിച്ചിട്ട്. കൊതിമൂത്ത് ഇരിക്കാനും വയ്യ. അങ്ങനെയാണ് എനിക്ക് വെജിറ്റേറിയന്‍ ഇറച്ചിക്കറി എന്ന ആശയം വര്‍ക്കൗട്ടായത്.

സോയാബീന്‍ ചംഗ്സ് മക്കളുടെ ഇഷ്ടവിഭവമാണ്. പിന്നൊന്നും ആലോചിച്ചില്ല. കുറച്ച് സോയാബീന്‍ ചംഗ്സും മഷ്റൂമും ചേര്‍ത്ത് ഇറച്ചി ഫ്രൈ ഉണ്ടാക്കുന്ന രീതിയില്‍ സൂപ്പര്‍ വെജിറ്റേറിയന്‍ ഇറച്ചി ഫ്രൈ മിനിട്ടുകള്‍ക്കകം റെഡി. സോയാസോസും അജിനോമോട്ടോയും ചേര്‍ത്ത് ഒരു ചൈനീസ് വേര്‍ഷന്‍ വേറേയും. കാര്യം കുശാല്‍. റൊട്ടിയും രണ്ടുതരം ഇറച്ചിഫ്റൈയുമായ് കുട്ടികള്‍ക്ക് ഖുശി. അവര്‍ ഖുശിയായ് കഴിക്കുന്നത് കണ്ടപ്പോള്‍ എനിക്കും ബഹുത് ഖുശി.

Saturday, December 20, 2008

ഇഷ്ടം

അമ്മതന്‍ ഗര്‍ഭപാത്രത്തില്‍ കഴിയവേ
കേട്ടൂ ഞാന്‍ ഹൃദയതാളത്തിന്‍ സംഗീതം
എന്നെ ഞാനാക്കിയൊരാ സംഗീതമെന്‍ കന്നിയിഷ്ടം.


പാരിതില്‍ ജാതയായെനിക്കന്ന്
കണ്ണുകള്‍ പൂട്ടിയുറങ്ങുവാനായ് പിന്നെയിഷ്ടം.

അമ്മിഞ്ഞപ്പാലിന്‍ മാധുര്യം നുണഞ്ഞപ്പോള്‍
കുഞ്ഞെനിക്കന്നതായ് ഏറെയിഷ്ടം.

മാറോട് ചേര്‍ത്തുപിടിച്ചമ്മ വാല്‍സല്യത്തിന്‍
പാല്‍ക്കടല്‍ കാട്ടീടവേ അമ്മയോടായെനിക്കേറ്റമിഷ്ടം
അന്നു തൊട്ടിന്നോളം ഏറെയിഷ്ടം.

കാതിലോമനപ്പേരു ചൊല്ലിക്കരുതലായ്
കാത്തുവളര്‍ത്തിയെന്നച്ഛനോടുമെനിക്കേറെയിഷ്ടം.

കുറുമ്പു കാട്ടി കൂടെക്കളിക്കുവാന്‍ പിന്നെപ്പിറന്ന
കൂടപ്പിറപ്പുകളോടും എനിക്കെന്നുമിഷ്ടം


സ്കൂളതിന്‍ പടികയറി ഞാന്‍ വളര്‍ന്നപ്പോള്‍
കളിക്കൂട്ടരോടുമെനിക്കിഷ്ടം.

കൗമാരത്തിന്‍ കൗതുകക്കാഴ്ചകളില്‍
കവിതയും പ്രകൃതിയും നിറമുള്ളസ്വപ്നങ്ങളുമെനിക്കേറെയിഷ്ടം.

വരണമാല്യവുമായ് എത്തിയയെന്‍ നാഥനെ

മരണം വരേയുമെനിക്കേറെയിഷ്ടം

ആത്മാവിലഗ്നിയായ് പടര്‍ന്നൊരായിഷ്ടം
ഇനിയുള്ള ജന്മങ്ങളിലുമെന്‍ നാഥനായ് കാണുവനേറെയിഷ്ടം.


കളിചിരിമാത്രമല്ലീജീവിതമെന്നു സത്യം
സഹനവും ത്യാഗവുംകൂടിയാണെന്നു കാട്ടി
മരുമകളല്ല നീ മകളെന്ന് ചൊല്ലിയ
സ്നേഹത്തിന്‍ പൊന്‍വിളക്കാം അമ്മയോടുമെനിക്കേറെയിഷ്ടം.


എന്നിലെ സ്ത്രീയെ പരിപൂര്‍ണ്ണയാക്കാന്‍
എന്നിലെ അമ്മയെ തൊട്ടുണര്‍ത്താന്‍
എനിക്കായ് ജഗദീശ്വരന്‍ തന്നയീസ്നേഹത്തിൻ
പൊന്നോമനകളെന്‍ ജീവന്റെ ജീവന്‍
അതുതന്നെയാണെനിക്കിന്നേറ്റമിഷ്ടം.

Monday, December 15, 2008

ഞാനും ബ്ലോഗാന്‍ പോണേയ്...

യെന്തരക്കാ യിത്...........

യിവരെന്താരക്കാ യീ കാച്ചണത്? യിവര് പുലികള് തന്നെ കേട്ടാ. ഹെന്റമ്മോ. കൊറേ കാലായില്ല് നിങ്ങളീ ബ്ലോഗ് വായിക്കണ്. നിങ്ങക്കും തൊടങ്ങിക്കൂടെ വൊന്ന്?

നമുക്കൊന്നും പറ്റൂലപ്പീ... യെന്റപ്പീ ആ അഞ്ഞൂറാനേം മക്കളേം പോലെയാണ് ആ ആണ്‍പട. ആ കാപ്പിലാനും കൂട്ടരും വിശാലമനസ്കനും മന്‍സൂറിക്കയും ഒക്കേം പുലികളല്ല് പുപ്പുലികളല്ലേ. പെണ്‍പുലികളുമൊണ്ടപ്പീ.... ആ ഇഞ്ചിപ്പെണ്ണിനും വെളുത്ത ആടിനേം കൊണ്ട് നടക്കണ മേരിക്കുട്ടിക്കും കാന്താരിക്കുമൊക്കെ നൂറു നാക്കാണ്. അതുല്യേം ലക്ഷ്മീം സ്മിതേം സൂം കല്യാണിചേച്ചീം വല്യമ്മായീം ഒക്കെ പുലികള് തന്നെ... നിനക്ക് വേറൊരു കാരിയം അറിയ്യ്വോ? മനുഷന്മാരു മാത്രോല്ല കുട്ടിച്ചാത്തന്മാരും ആത്മാക്കളും ദൃശ്യനും തൊടങ്ങി സകല ഭൂതപ്രേതങ്ങളുമൊണ്ട്... ആല്‍ത്തറയുമൊണ്ട്..... പിന്നേയ്....... അവരുമാത്രോല്ല... ആ പകലുകിനാവുകാണുന്നവനും താന്തോന്നിയും വെറുതെ കൊളത്തില് കല്ലിടണവനും തൊടങ്ങി സകല കിടുപിടികളുമൊണ്ട്.. ഇവരുടെയിടയില്‍ നമ്മളെങ്ങനാ ബ്ളോഗണതപ്പീ?

യിതെന്തര് വര്‍ത്തമാനക്കാ പറയണത്? പുലികള്ക്ക് മാത്രം ജീവിച്ചാമതിയാ? എലികള്ക്കുംവ്വണ്ടേ മാളങ്ങള്? അവര് പുലിമട ഒണ്ടാക്കട്ട്.. നമുക്ക് എലിമാളമൊണ്ടാക്കാം... നിങ്ങള് ധയിരിയമായിറ്റ് തൊടങ്ങീം..

എന്നാശരി നീ പറഞ്ഞതല്ലേ പഴവങ്ങാടി ഗെണപതിയാണെ...... ആറ്റ്കാലമ്മച്ചിയാണെ ഞാനും ബ്ലോഗാമ്പോണ് കേട്ടാ... അമ്മച്ചിയാണെ സത്തിയം.