Wednesday, April 8, 2009

ഇതാ ഞാനും നാട്ടിലേക്ക്.....

ഇതാ ഞാനും നാട്ടിലേക്ക്.....

ഈ വിഷുവിന് ഞാനും നാട്ടില്‍ പോകുന്നു. ചില കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടക്കുകയാണെങ്കില്‍ നാട്ടില്‍ തന്നെ സെറ്റില്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ആവേശത്തിലാണ് ഞാന്‍. എനിക്കു വേണ്ടി നിങ്ങളും പ്രാര്‍ത്ഥിക്കണം. ഈ അന്യദേശ വാസം വല്ലാതെ മടുത്തു കഴിഞ്ഞു. നാട്ടില്‍ ചെന്ന് സെറ്റിലായി ഇന്റര്‍നെറ്റ് കണക്ഷനും എടുത്തിട്ട് ഇനി കാണാം. അതു വരേയ്ക്കും ചെറിയ ഒരു ഇടവേള.


എല്ലാ ബൂലോകവാസികള്‍ക്കും എന്റെ വിഷുദിനാശംസകള്‍!

Thursday, March 26, 2009

മനസ്സ്

മനസ്സ് ഒരു പിടികിട്ടാപ്പുള്ളിയണെന്ന് ചിലപ്പോള്‍ തോന്നും. ഒരേ സമയം ദിവസ്വപനത്തിന്റെ ചിറകിലേറ്റി നടത്തുകയും ഭീകരസ്വപ്നങ്ങളാല്‍ പേടിപ്പെടുത്തുകയും ചെയ്യുന്ന വിരുതന്‍.

മനസ്സ് നമുക്ക് സ്വന്തമെങ്കിലും നമ്മുടെ കൈയില്‍ അതിന്റെ കടിഞ്ഞാണ്‍ പലപ്പോഴും ഉണ്ടാവാറില്ല. എവിടെയെല്ലാമാണ് അത് നമ്മെ കൊണ്ടെത്തിക്കുന്നത്.

ശരവേഗത്തിലല്ല, പ്രകാശവേഗത്തിലാണ് ഈ മനസ്സെന്ന വിരുതന്റെ സഞ്ചാരം. പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും എത്ര വേഗം നാടിന്റെ സൗന്ദര്യത്തിലേക്ക് എത്തിക്കുന്നു. എത്ര വേഗം ബന്ധുമിത്രാതികളുടെ അരികത്തെത്തിക്കുന്നു.


ഓര്‍ത്താല്‍ എന്തൊരല്‍ഭുതം! ഭാവിയുടെ ആകുലതകളില്‍ നൊമ്പരപ്പെടുന്ന മനസ്സ് എത്ര പെട്ടെന്ന് കുട്ടിക്കാലത്തിന്റെ കുസൃതികളിലേക്ക് ഊളിയിടുന്നു. ശരീരമൊന്നനക്കാന്‍ പോലുമാവതെ മരണാസന്നയായി കിടക്കുന്ന മുത്തശ്ശിമനസ്സ് എത്ര പെട്ടെന്നാണ് ഗള്‍ഫിലുള്ള ചെറുമകന്റെ അടുത്തേയ്ക്ക് പറന്നെത്തുന്നത്.

ഒരേ സമയം ഒരു കാര്യത്തിന്റെ ശരിയും തെറ്റും കാണുന്നതും മനസ്സ്.

മനസ്സ് പോകുന്നിടത്തൊക്കെ ശരീരത്തിനും പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ഹായ്! എന്തു രസമായിരിക്കും. എന്നാല്‍ ഞാനിപ്പോള്‍ത്തന്നെ നാട്ടിലേക്ക് ഓടിപ്പോയേനെ. ആറ്റിലൊന്ന് കുളിച്ച് കുടുംബക്ഷേത്രത്തില്‍ തൊഴുത്, ബന്ധുക്കളേയും കൂട്ടുകാരേയുമൊക്കെ കണ്ട് അമ്മ ഉണ്ടാക്കുന്ന ആഹാരവും കഴിച്ച് വരാമായിരുന്നു.

എന്റെ മനസ്സിന്റെ ഒരു കാര്യമേ. ഇതിനൊരു കടിഞ്ഞാണിട്ടേ പറ്റൂ. ഇങ്ങനൊക്കെ എന്തിനാ ഈ ബ്ളോഗില്‍ എഴുതുന്നതെന്നു നിങ്ങളുടെ മനസ്സ് ചോദിക്കുമായിരിക്കും. അല്ല, അതു പിന്നെ എന്റെ ബ്ളോഗിലല്ലാതെ മറ്റാരുടെയെങ്കിലും ബ്ളൊഗിലെഴുതാന്‍ പറ്റുമോ എന്ന മറുചോദ്യം ചോദിക്കുന്നതും എന്റെ മനസ്സ്. ഈ മനസ്സിനെക്കൊണ്ട് ഞാന്‍ തോറ്റു.

ഹോ! ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ എന്റെ മനസ്സിനെന്തൊരാശ്വാസം. ഇനി ഞാന്‍ ചിന്ത.കോമില്‍ പോയി അവിടെയുള്ള ബ്ളോഗു മനസ്സുകള്‍ എന്തു പറയുന്നുവെന്ന് തിരക്കിയിട്ട് വരാം.

Monday, March 9, 2009

കലികാല കാഴ്ചകള്‍!

അയ്യയ്യോ കണ്ടില്ലേ കലികാല കാഴ്ചകള്‍
അയ്യോ നാടിന്‍ വിപത്താം കാഴചകള്‍!
അങ്ങോട്ടുമിങ്ങോട്ടും വെട്ടിവീഴ്ത്തുന്നു
അമ്പോ, മാഫിയകള്‍ ഗുണ്ടാസംഘങ്ങള്‍ പലതരം

സ്ത്രീധനം പോരാഞ്ഞു ചുട്ടു കൊല്ലുന്നു
സ്ത്രീ മഹാധനം എന്നറിയാതെ ചിലര്‍
പെണ്‍ഭ്രൂണഹത്യ പെരുകുന്നു നാട്ടില്‍
പൊന്നിനു പെണ്ണിനേക്കാള്‍ മൂല്യമേറിടുന്നു

പീഢനം പീഢനം നാട്ടിലമ്പാടു
പീഢിപ്പിക്കപ്പെടുന്നു അമ്മ പെങ്ങന്മാര്‍
അമ്മതന്‍ ചാരേ മയങ്ങും കുഞ്ഞിനും
ഇല്ലില്ല ഇന്നീ നാട്ടില്‍ സുരക്ഷ

മൊബൈലും ബ്ളൂ ടൂത്തും ഒളിക്യാമറകളും
മൊത്തം കമ്പ്യൂട്ടര്‍ നീലതരംഗത്തില്‍ കൗമാരങ്ങള്‍
ഇലക്ട്രോണിക് യുഗത്തിന്‍ നേട്ടങ്ങള്‍ക്കൊപ്പം
ഇന്നു നശിക്കുന്നു പുത്തന്‍ തലമുറ

ചോരകുഞ്ഞിനെ കൂടയിലുപേഷിക്കും
ആധുനിക കുന്തിമാര്‍ ഇന്നു നിരവധി
പതിദേവനു മരണം വിധിച്ചിട്ട്
പരഗമനം നടത്തുന്നു ഭാര്യമാര്‍ ചിലര്‍

പെറ്റുപോറ്റിയ മാതാപിതാക്കളെ
പോറ്റുവാനാവില്ലെന്നു ശഠിക്കുന്നു മക്കള്‍
അണുകുടുംബങ്ങളിലേക്കൊതുങ്ങി നമ്മള്‍
അച്ഛനുമമ്മയ്ക്കും വൃദ്ധസദനങ്ങള്‍ തീര്‍ത്തു നമ്മള്‍

സ്വജനപക്ഷപാതവും ജാതിക്കോമരങ്ങളും
കൈക്കൂലിയും അഴിമതിയും പെരുകുന്നു നാട്ടില്‍
വികസനം വികസനമെന്നു ചൊല്ലി
വികസിപ്പിക്കുന്നൂ കീശകള്‍ നേതാക്കന്മാര്‍

ജാഥകള്‍ ഹര്‍ത്താല്‍ സമരങ്ങള്‍ ബന്ദുകള്‍
ജയന്തികളും രക്തസാക്ഷികളും
മാരണങ്ങള്‍ തോരണങ്ങള്‍ കൊടിക്കൂറകള്‍ പലവിധം
മാനമില്ലാതെ രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍

പാവം പൊതുജനം കഴുതകളല്ലേ
പ്രതികരണ ശേഷി നശിച്ചു പോയില്ലേ
സത്യവും ധര്‍മ്മവും പാടേ ക്ഷയിച്ചു പോയ്
സച്ചിതാനന്ദ സ്വരൂപ പാഹിമാം പാഹിമാം

Wednesday, March 4, 2009

സ്നേഹം നിറഞ്ഞ പുഴയ്ക്ക്,


സ്നേഹം നിറഞ്ഞ പുഴയ്ക്ക്,

എന്നാലും നീ എന്നോട് ഈ ചതി ചെയ്തല്ലോ?
ഇത്ര പെട്ടെന്ന് ഈ കളിക്കൂട്ടുകാരനെ മറന്നു പോയല്ലോ?
പിറന്നു വീണ ആ മലമുകളില്‍ നിന്നേ തുടങ്ങിയതല്ലേ ഈ ചങ്ങാത്തം. പിറന്ന അന്നു മുതല്‍ ഇന്നുവരേയും ഒരുമിച്ചായിരുന്നില്ലേ? കളിയും ചിരിയും കരച്ചിലുമെല്ലാം നാം ഒന്നിച്ചു പങ്കിട്ടിരുന്നില്ലേ?

ബാല്യകൗമരങ്ങളില്‍ നിന്റെ കളിചിരികള്‍ക്കും സംഗീതത്തിനും എന്നും കാതോര്‍ത്തിരുന്നവനല്ലേ ഞാന്‍.

യൗവനത്തില്‍ നിന്റെ ഭാവങ്ങള്‍ മാറുന്നത് ഞാന്‍ അമ്പരപ്പോടെ നോക്കിയിരുന്നു. എന്നെ കീറിമുറിച്ച് നീ വീണ്ടും വീണ്ടും വലുതായപ്പോള്‍ എന്റെ സ്നേഹത്തിന്റെ പരപ്പ് കൂടിയതല്ലേ ഉള്ളൂ.ശാന്തമായി രാത്രികളില്‍ ഒഴുകിയിരുന്ന നിനക്ക് കാവലായ് ഞാനുണ്ടായിരുന്നില്ലേ അല്ലെങ്കിലും പണ്ടും നീ ഇങ്ങനെ തന്നെയായിരുന്നു. പുതിയ പുതിയ കൂട്ടുകള്‍ക്കും ശീലങ്ങള്‍ക്കുമൊപ്പം നീ എന്നും ഭാവപ്പകര്‍ച്ച കാണിച്ചിരുന്നു.

മഴയുടെ അട്ടഹാസത്തിനൊപ്പം നീ ഒരു ഉന്മാദിനിയായി മാറും. നിന്നുടെ സ്ത്രൈണത മറന്ന് നീ ഉറഞ്ഞു തുള്ളും നിന്നുടെ അട്ടഹാസവും ശൗര്യവും കണ്ട് പലരും ഭയപ്പെട്ടിട്ടുണ്ട്.

ഇല്ല. നീ എന്നെ സ്നേഹിച്ചിട്ടില്ല.

മഴ കൂട്ടിനുണ്ടാവുമ്പോള്‍ നീ എന്നെ മറന്നു പോകും. എന്റെ വേദനകളെ നീ ഗൗനിക്കാറില്ല. എന്നില്‍ മായത്ത മുറിപ്പാടുകളുണ്ടാക്കും. എന്റെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ച് നീ ആര്‍ത്തട്ടഹസിക്കും. എന്നില്‍ കടന്നുകയറ്റം നടത്തും. എങ്കിലും ഞാനെല്ലാം ക്ഷമിക്കുമെന്ന് നിനക്കറിയാം. മഴ മാറിയാല്‍ പുതിയ ഭാവത്തോടെ സ്നേഹത്തോടെ നീ വീണ്ടും പഴയതു പോലാവും. വേദനകള്‍ മറന്ന് വീണ്ടും കൂട്ടുകൂടും. വസന്തം വരും. പൂക്കള്‍ ചിരിക്കും കിളികള്‍ പാടും. വീണ്ടും സന്തോഷത്തിന്റെ ദിനങ്ങള്‍. എന്നാലിന്നോ?

പ്രതാപിയായ സാഗരത്തെ കണ്ടപ്പോള്‍ നീ എന്നെ മറന്നു. അവന്‍ ബലവാനാണ്. അവന്റെ പ്രൗഢിയില്‍ നീ മതി മറന്നു. അവനില്‍ അലിഞ്ഞു ചേരാന്‍ നീ ആഗ്രഹിച്ചു. ഇതുവരെ ഒപ്പമുണ്ടായിരുന്ന എന്നെ നീ മറന്നു. എങ്കിലുമെന്റെ പ്രീയസഖീ, നിന്നെ ഓര്‍ത്ത് ഞാന്‍ വേദനിക്കുന്നു. അവിടെ നിനക്ക് ഒരു സ്ഥാനവുമുണ്ടാകില്ല. നിന്നെക്കുറിച്ച് ചിന്തിക്കാന്‍ അവിടെ ആരുമുണ്ടാവില്ല. നീ വെറും നിസാര. അസ്ഥിത്വമില്ലാതാകുന്ന നിന്നെ ഓര്‍ത്ത് ദുഃഖിച്ച് ഞാന്‍ ഇവിടെത്തന്നെ ഉണ്ടാകും. ഈ തീരം എന്നും നിനക്ക് സ്വന്തം.എന്ന്,

നിന്റെ സ്വന്തം തീരം.
(ചിത്രങ്ങള്‍ ഗൂഗിളിന്റേതാണേ)

Wednesday, February 11, 2009

ആനന്ദലബ്ധിക്കിനിയെന്തു വേണം

ആരോമല്‍ പൊന്‍മകള്‍ തന്‍ പാല്‍പ്പുഞ്ചിരിക്കായ്
ആവോളം പൊന്നുമ്മ നല്‍കിയമ്മ
വാരിവാരിപ്പുണര്‍ന്നാമോദത്തോടെ
വാര്‍നെറ്റിത്തടം തലോടിയമ്മ

കുഞ്ഞിളം കൈകാലിളക്കി കുഞ്ഞ്
മന്ദഹാസം പൊഴിച്ചതു കണ്ടയമ്മ
കുഞ്ഞേ നീയെന്‍ സ്വര്‍ഗ്ഗമെന്നു ചൊല്ലി
മനം മറന്നങ്ങു രസിച്ചു നിന്നു

അമ്മതന്‍ വല്‍സല്യത്തിന്‍ പാലാഴി
അമ്മിഞ്ഞപ്പാലായി ചുരത്തിയമ്മ
കുഞ്ഞിന്നു കരുതലാം കാരുണ്യക്കടലായ്
ദൈവത്തിന്‍ പ്രതിരൂപമായ് മാറിയമ്മ

അച്ഛനെപ്പോലെയോ അമ്മയേപ്പോലെയോ
ആരോടു സാമൃമെന്‍ കുഞ്ഞിനെന്നോര്‍ത്ത്
കൈ വളരുന്നോ കാലുവളരുന്നോ
സാകൂതം നോക്കിയിരുന്നു അമ്മ

താരാട്ടുപ്പാട്ടിന്‍ ഈണത്തിനൊപ്പം
താലോലം തോളത്തിലാട്ടിയമ്മ
കുഞ്ഞതിന്‍ മലമൂത്രത്തിനിന്ന് അറപ്പേതുമില്ലേയ്
വൃത്തിയാക്കുന്നതമ്മതന്‍ മമതയല്ലേ

മാമുണ്ണിക്കുവാന്‍ കുളിപ്പിച്ചൊരുക്കുവാന്‍
സമയമൊട്ടും തികയുന്നില്ലിന്നിവള്‍ക്ക്
ഭൂമിയെ ചുറ്റും അമ്പിളിയെന്നപോല്‍
കുഞ്ഞിനെ ചുറ്റും ഉപഗ്രഹമായിമാറിയമ്മ

കൈപിടിപ്പിച്ച് നടക്കാന്‍ പഠിപ്പിച്ച്
കുഞ്ഞിന്‍ ആദ്യ ഗുരുവായ് ചമഞ്ഞിതമ്മ
കാലുറയ്ക്കാതെ പിച്ചവയ്ക്കും കുഞ്ഞിന്‍
കാലുകള്‍തന്‍ താളമായ് ആടിയമ്മ

അമ്മയായ് മാറിയ ആഹ്ളാദത്താല്‍
അമ്പേ മറന്നുപോയ് മറ്റെല്ലാം പെണ്ണ്
അമ്മേ എന്നുള്ളകുഞ്ഞിന്‍ ആദ്യവിളികേട്ടവള്‍ക്ക്
ആനന്ദലബ്ധിക്കിനിയെന്തു വേണം!

Wednesday, January 28, 2009

മുളക് അച്ചാര്‍മാര്‍ക്കറ്റില്‍ ചുവന്നു തുടുത്തിരിക്കുന്ന ഈ മുളകുകളെ കണ്ടപ്പോള്‍ വല്ലാത്ത സ്നേഹം തോന്നി.

എന്താ ഇവന്റെ ഒരു ലുക്ക്. എന്നാ കുറച്ച് വങ്ങിയേക്കാം എന്നു കരുതി. ഒരു കിലോ വാങ്ങിച്ചു.

ഇവിടെ നല്ല തണുപ്പാണ്. പിന്നെ വലിയ എരിവൊന്നും ഇവനില്ല. മിര്‍ച്ച് പക്കോട (മുളക് ബജിയുടെ ഹിന്ദി പതിപ്പ്) ഞാന്‍ ഉണ്ടാക്കാറുണ്ട്. പക്ഷേ ഒരു കിലോ വാങ്ങിപ്പോയില്ലേ. അത് മൊത്തം പക്കോട ആക്കിയാല്‍ പറ്റത്തില്ലല്ലോ.

വേറെ ഏതു രൂപത്തില്‍ ഇവനെ എങ്ങനെ അകത്താക്കാം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് എന്റെ ഒരു ഹിന്ദിക്കാരി കൂട്ടുകാരി വീട്ടില്‍ വന്നത്. മുന്‍പ് എന്റെ കൂടെ ഓഫീസില്‍ ഉണ്ടായിരുന്നതാണ് കക്ഷി. ഇടക്കൊക്കെ വിസിറ്റ് പതിവാണ്.

അവളോട് ഞാന്‍ ഈ മുളകുസുന്ദരന്റെ കാര്യം പറഞ്ഞു. അവളാണ് ഇവനെ അച്ചാറാക്കി അല്‍പാല്‍പം അകത്താക്കൂ എന്ന് ഉപദേശിച്ചത്.

അവള്‍ പറഞ്ഞതുപോലെ ഞാന്‍ മുളക് അച്ചാര്‍ ഉണ്ടാക്കി നോക്കി. എനിക്ക് ഒത്തിരി ഇഷ്ടമായി. എന്നാല്‍ കുറച്ച് ബ്ലോഗിലൂടെ നിങ്ങള്‍ക്കും തരാം എന്നു കരുതി.

മിര്‍ച്ച് പക്കോട ഉണ്ടാക്കിയിട്ട് ബാക്കി വന്ന മുളകാണ് കേട്ടോ.

ഇതാ ഉണ്ടാക്കുന്ന വിധം:

മുളക് കഴുകി തുണികൊണ്ട് തുടച്ചെടുത്തത് : 1/2 കിലോ
പെരുംജീരകം : 2 ടീ സ്പൂണ്‍
ഉലുവ : 1ടീ സ്പൂണ്‍
മല്ലിപ്പൊടി : 1 1/2 ടീ സ്പൂണ്‍
മുളക് പൊടി : 2 1/2 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി : 3/4 ടീ സ്പൂണ്‍
എണ്ണ : 2 ടേബിള്‍ സ്പൂണ്‍
പുളി : 1 ഇടത്തരം നെല്ലിക്ക വലിപ്പത്തില്‍
ആംചൂര്‍ (മാങ്ങാപ്പൊടി) : 2 ടീ സ്പൂണ്‍
(പായ്ക്കറ്റില്‍ വാങ്ങാന്‍ കിട്ടും)
ഉപ്പ് : ആവശ്യത്തിന്


പെരുംജീരകവും ഉലുവയും ചതച്ചു വയ്ക്കുക. പൊടിഞ്ഞു പോകരുത്. മുളക് അറ്റം രണ്ടായി പിളര്‍ന്ന് വയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി പെരുംജീരകം ഉലുവ എന്നിവ വഴറ്റുക. പച്ച മണം മാറിയാല്‍ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ആംചൂര്‍ എന്നിവ ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് പുളിപിഴിഞ്ഞതും കുറച്ച് വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇതില്‍ മുളക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മുളക് വെന്തു കുഴയാതെ ശ്രദ്ധിക്കണം.

അന്നു തന്നെ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ഉപയോഗിക്കുന്നതാണ്. രണ്ടാഴ്ച കേടുകൂടാതെ ഇരിക്കും. ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ കഴിക്കാം.

Thursday, January 15, 2009

നിഴല്‍

വളരുന്നു ചുരുങ്ങുന്നു
മുന്നിലും പിന്നിലും കൂടെനടക്കുന്നു
എങ്കിലും വേര്‍പെട്ട് പോകാനാവില്ലല്ലോ

ജനിച്ച നാള്‍ മുതല്‍ കൂടെയാണെന്നാലും
മരണം വരേയും ഞാന്‍ പിന്തുടരും
ഊണിലും ഉറക്കത്തിലും അരികത്തു ഞാനുണ്ട്
കരഞ്ഞാലും ചിരിച്ചാലും നിന്‍ കൂടെ ഞാനുണ്ട്

നീയില്ലാതെ ഞാനില്ല
ഞാനില്ലാതൊട്ടു നീയുമില്ല
നിന്‍ ചിതയെരിയുമ്പോള്‍
എന്‍ ചിതയുമെരിഞ്ഞിടും

നീയില്ലാതെനിക്കസ്ഥിത്വമില്ല
എന്‍ സ്ഥാനം എന്നും നിന്‍ കാല്‍ക്കീഴില്‍ മാത്രം
ആരാണ് ഞാന്‍? ഞാന്‍ നിന്‍ നിഴല്‍ മാത്രം.