Friday, September 24, 2010

ഇന്നു ഞാന്‍ !! നാളെ നീ!!

ഓര്‍മ്മകളിലൂടെ ഒരു തീര്‍ഥയാത്ര നടത്തി അയാള്‍.


ഉയരങ്ങള്‍ കീഴടക്കാന്‍ ചവിട്ടിത്താഴ്ത്തിയ മുഖങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ആകെ തളര്‍ന്നുപോയി. വേഗത്തില്‍ ചവിട്ടിക്കയറിയ പടികള്‍ മെല്ലേയിറങ്ങുമ്പോള്‍ കയറുവാനുണ്ടായിരുന്ന ആവേശത്തിന്റെ പതിന്മടങ്ങ് ക്ഷീണം അയാള്‍ക്ക് തോന്നി.


ഇന്ന് അമ്മയുടെ ശ്രാദ്ധമൂട്ടല്‍!


മകന്‍ ഒരുപാട് ഉയരങ്ങള്‍ കീഴടക്കണമെന്ന് ആഗ്രഹിച്ച അമ്മ. ഓര്‍മ്മകളില്‍ മാത്രമായി അച്ഛന്‍ മാറിയ കുട്ടിക്കാലം മുതല്‍ തന്നെ പോറ്റി വളര്‍ത്തിയ അമ്മ. യൗവനത്തില്‍ തന്നെ വൈധവ്യത്തിന്റെ കൂരിരുട്ട് അറിഞ്ഞ തന്റെ അമ്മ അച്ഛനില്ലാത്തതിന്റെ കുറവ് അറിയാന്‍ അവസരം ഉണ്ടാക്കിയിട്ടില്ല. പൗരുഷമുള്ള സ്ത്രീയെന്ന് തന്റേടത്തോടെ നടന്നിരുന്ന അമ്മയ്ക്ക് മറ്റു പലതില്‍ നിന്നും രക്ഷപ്പെടാന്‍ അണിഞ്ഞിരുന്ന മൂടുപടമായിരുന്നു അത്. അതിനുള്ളിലെ അര്‍ദ്രത ഇന്ന് തനിക്ക് മനസ്സിലാവുന്നു.


സ്വപ്നങ്ങളെല്ലാം എന്നിലൊതുക്കിയ, എനിക്ക് ചുറ്റും മാത്രം സഞ്ചരിച്ചിരുന്ന ആ അമ്മ മനസ്സ് താന്‍ കാണാതെ പോയി. അല്ല, കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു. എന്നു മുതല്‍ക്കാണു താന്‍ ഇങ്ങനെ മാറിയത്. ആ... എനിക്കു തന്നെ നിശ്ചയമില്ല. ആ അമ്മയുടെ പ്രതീക്ഷകള്‍ക്കൊപ്പാം ഒരിക്കലും എത്താന്‍ കഴിയാത്ത ഒരു മകന്‍.


കുഞ്ഞുന്നാളില്‍ അമ്മയ്ക്ക് അസുഖം വന്നാല്‍ താന്‍ വളരെ വിഷമിച്ചിരുന്നു. വലുതാകുമ്പോള്‍ വലിയ ഡോക്ടറെ കാണിച്ച് ഒരുപാട് കാശ് ചിലവാക്കി നന്നായി നോക്കുമെന്ന് അമ്മയെ ആശ്വസിപ്പിച്ചിരുന്ന ആ മകന്‍ എവിടെ?


മകന്‍ അമ്മയുടെ അസുഖങ്ങള്‍ അറിഞ്ഞിരുന്നോ?

അറിയാന്‍ ശ്രമിച്ചിരുന്നോ?


അമ്മ തന്റെ വേദനകളൊന്നും തന്നെ അറിയിച്ചിരുന്നില്ല. മകന്‍ തന്നെ എന്നെങ്കിലും അറിയുമെന്നും അരികത്തിരുന്ന് ആശ്വസിപ്പിക്കുമെന്നും ആ പാവം കരുതിയിരിക്കാം.


ഓണവും വിഷുവുമെല്ലാം തന്നെ കാത്തിരിക്കാനുള്ള ദിവസങ്ങള്‍ മാത്രമാക്കി പ്രവാസജീവിതത്തിന്റെ തിരക്കുകളിലേക്ക് അലിഞ്ഞു ചേര്‍ന്നപ്പോള്‍, കുടുംബത്തോടൊപ്പം മകന്‍ വരുമെന്ന് സ്വ്പ്നം കണ്ടിരുന്നു അമ്മ.


ഭാവി ശോഭനമല്ലാത്ത നാട് വിട്ട് തന്റെ കൂടെ വരാന്‍ അമ്മയെ ക്ഷണിച്ചതാണു. അച്ഛനുറങ്ങുന്ന ആറടി മണ്ണില്‍ അലിഞ്ഞു ചേരാന്‍ കൊതിച്ചിരുന്ന അമ്മ പക്ഷേ ഒഴിഞ്ഞു മാറി.


ഒറ്റയ്ക്ക് കഴിയണ്ട എന്ന് പറഞ്ഞ തന്നൊട് തനൊറ്റയ്ക്ക്ല്ല നിന്റെ അച്ഛനും മുത്തച്ഛനും മറ്റെല്ലാവരും തനിക്ക് കൂട്ടിനുണ്ട് എന്നു പറഞ്ഞ് തന്നെ ആശ്വസിപ്പിച്ച അമ്മ.


ഇവിടുള്ള ഉദ്ദ്യോഗം കളയണ്ട, നിനക്ക് കഴിയാനുള്ള ചുറ്റുപാടുകളെല്ലാം ഇവിടുണ്ടല്ലോ ഇവിടെ എന്നോടൊപ്പം കഴിയാം എന്ന് അമ്മ കരഞ്ഞുപറഞ്ഞത് താന്‍ കണ്ടില്ല.


ഉയരങ്ങള്‍ കീഴടക്കാന്‍ വെമ്പിയിരുന്ന, തന്റെ സ്വപ്നങ്ങള്‍ക്ക് അന്ന് അമ്മയുടെ കണ്ണീരു കാണാന്‍ കഴിഞ്ഞില്ല.


താന്‍ അയച്ചിരുന്ന കാശിനു അമ്മയ്ക്ക് ആവശ്യമില്ലായിരുന്നു. അമ്മയുടെ ആവശ്യം എന്താണെന്ന് ഇന്ന് തനിക്ക് മനസ്സിലാവുന്നു.


ജീവിതസന്ധ്യയില്‍ തനിച്ചായ എന്നെ ആ പാഠം പഠിപ്പിക്കാന്‍ മകനിന്ന് കഴിഞ്ഞു. ചരിത്രത്തിന്റെ ആവര്‍ത്തനം.


ഇന്ന് ഞാന്‍, നാളെ നീ. തീര്‍ത്തും അന്വര്‍ത്ഥമാക്കുന്ന വരികള്‍.


അമ്മയുടെ അതേ സ്ഥാനത്ത് ഇന്ന് ഞാന്‍.


തീര്‍ത്തും ഒറ്റയ്ക്ക്.


അല്ല. ഒറ്റയ്ക്കല്ല.

ഇവിടെ എന്റെ അമ്മയുണ്ട്. ആ അദൃശ്യ സാനിധ്യം ഇവിടെയുണ്ട്. അതു തന്നെയാണിന്ന് ഇന്നെനിക്ക് ഏറ്റവും ആവശ്യം.


അമ്മയുടെ കണ്ണുനീരിനും കാത്തിരിപ്പിനും മുകളില്‍ നേടിയെടുത്ത സൗഭാഗ്യങ്ങളൊന്നും ഇന്ന് ആശ്വാസമാകുന്നില്ല. ആശ്വാസം ഈ മണ്ണില്‍, ഈ തൊടിയില്‍ ഈ വീട്ടില്‍ നിറഞ്ഞു നില്‍ക്കുന്ന അമ്മയുടെ ഓര്‍മ്മകള്‍ മാത്രം.


അതേ. അതു തന്നെയാണു ഇന്ന് എന്റെ പ്രായശ്ചിത്തം. ഇല്ല ഇനി ഒരു മടങ്ങിപ്പോക്ക് ഇല്ല. ഇനി ഞാന്‍ അമ്മയുടെ ചാരത്ത്....

Friday, September 10, 2010

ഗണപതി ഭഗവാനേ ശരണം .....

ഓം ഗം ഗണപതയേ നമ:

നാളെ ഗണേശ ചതുര്‍ഥി. ഒരു ഗണേശ സ്തുതി ആയിക്കോട്ടെ.
ഗണപതി ഭഗവാനേ ശരണം
ഗജമുഖ ഭഗവാനേ ശരണം

വിഘ്നങ്ങളകറ്റി നീ കാത്തിടേണമേ
വിഘ്നേശ്വരാ ദേവാ വിനായകനേ

മംഗള മൂര്‍ത്തിയാകും നിന്‍ പാദാരവിന്ദങ്ങള്‍
മനസ്സില്‍ ധ്യാനിച്ചു കുമ്പിടുന്നേന്‍

പാപങ്ങളൊക്കെയും മാറ്റുകെന്‍ നാഥാ
പാലും പഴങ്ങളും നേദിച്ചിടാം ഞാന്‍

ആദിമൂലപ്പൊരുളാകും നിന്നെ ഞാന്‍
ആരതി ചെയ്തു വണങ്ങിടുന്നു നിത്യം

സങ്കടമോചനനേ, ശ്രീ പാര്‍വ്വതി നന്ദനനേ
സകലവിഘ്നങ്ങളും തീര്‍ക്കുന്ന നീ മംഗളമൂര്‍ത്തിയല്ലോ

സതതം ചൊരിയുക നിന്‍ ദയാകടാക്ഷം ദേവാ
സകല ദുരിതവിനാശകനേ ശ്രീ ഗണപതി ദേവാ

ഗണപതി ഭഗവാനേ ശരണം
ഗജമുഖ ഭഗവനേ ശരണം.

Wednesday, September 1, 2010

ഇടവേളയ്ക്ക് ശേഷം

ചെറിയ ഇടവേള പറഞ്ഞ് പിരിഞ്ഞിട്ട് അല്‍പം വലിയൊരു ഇടവേളയായിപ്പോയി. നാട്ടിലെത്തി പല കാര്യങ്ങളും ശരിയാക്കാനുണ്ടായിരുന്നു. കുട്ടികളുടെ സ്കൂള്‍ അഡ്മിഷന്‍, വീട്, ജോലി തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍. വിചാരിച്ചപോലെ അത്ര ഈസിയായിരുന്നില്ല ഒന്നും.

ഇപ്പോഴെല്ലാമൊന്ന് സെറ്റിലായി വരുന്നു.

ആദ്യമൊക്കെ കുട്ടികള്‍ക്ക് നാടൊരു കൗതുകവും സന്തോഷവുമൊക്കെയായിരുന്നു. എന്നാല്‍ ഇനി എന്നാണു ഡല്‍ഹിക്ക് മടങ്ങുന്നതെന്നാണു ഇപ്പോഴത്തെ ചോദ്യം. മറുനാട്ടിലിരുന്ന് നമ്മുടെ നാട്ടിലെത്താന്‍ മനസ്സ് കൊതിക്കുന്നതുപോലെയാണു ഇപ്പോള്‍ അവര്‍ നാട്ടിലിരുന്ന് ഡല്‍ഹിക്ക് പോകാന്‍ കൊതിക്കുന്നത്. അവരുടെ സ്കൂളും കൂട്ടുകാരേയും ഉത്തരേന്ത്യന്‍ വിഭവങ്ങളുമെല്ലാം അവര്‍ വളരെ മിസ്സ് ചെയ്യുന്നു.

എങ്കിലും ഇപ്പോഴൊരു സന്തോഷമുണ്ട്. നാട്ടില്‍ ഞങ്ങളൊരു വീട് വയ്ക്കാന്‍ പോകുന്നു. പണി തുടങ്ങിക്കഴിഞ്ഞു. ഇനിയിപ്പോള്‍ വീട് പണിയുടെ തിരക്കുകളായി. ദീര്‍ഘകാലത്തെ ഞങ്ങളുടെ ഒരു സ്വപ്നമാണു നാട്ടിലൊരു പുതിയ വീട്. അതിന്റെ സന്തോഷത്തിലാണു കുട്ടികളും.

ഇടയ്ക്കിടക്ക് പോസ്റ്റുകളിടാന്‍ പറ്റിയില്ലെങ്കിലും ബ്ളോഗുകളെല്ലാം വായിക്കാന്‍ സമയം കണ്ടെത്തണം. പല ബ്ളോഗു വിശേഷങ്ങളും അറിയാതെ പോയി.

ഇനി സ്ഥിരമായി ഞാനും ഉണ്ടാവും ഈ ബ്ളോലോകത്ത്.