ഇവള്‍ ഊര്‍മ്മിള !!!
രാമായണകഥയിലെ ഏറ്റവും തഴയപ്പെട്ട കഥാപാത്രങ്ങളിലൊന്ന്.
പുരാണ കഥാപാത്രങ്ങളില്‍ എനിക്കേറ്റവും പ്രീയമുള്ള ഒരു സ്ത്രീ കഥാപാത്രമാണ് ഊര്‍മ്മിള.
പതിവ്രതയായും കുലീനയായും സീതയ്ക്കൊപ്പം നിന്നിട്ടും സീതയെ വാനോളം പുകഴ്ത്തുന്ന കവികളും കഥാകാരന്മാരും ഊര്‍മ്മിളയ്ക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. ഊര്‍മ്മിള അനുഷ്ഠിച്ച ത്യാഗമോര്‍ത്താല്‍ ഊര്‍മ്മിളയ്ക്ക് സീതയോളം മഹത്വമുണ്ട്.
ഒരു സ്ത്രീയ്ക്കുള്ള എല്ലാ വികാരവിചാരങ്ങളുമുള്ള ഈ സ്ത്രീ രത്നം ഒന്നും രണ്ടുമല്ല നീണ്ട പതിനാലു സംവല്‍സരങ്ങളാണ് ഭര്‍ത്താവിനെ ഭര്‍ത്തുസഹോദരന്റേയും പത്നിയുടേയും സംരക്ഷണത്തിനായി വനവാസത്തിന് വിട്ടിട്ട് ഭര്‍ത്തൃഗൃഹത്തില്‍ എതിര്‍പ്പുകളും പരിഭവങ്ങളുമില്ലാതെ കഴിഞ്ഞുകൂടിയത്.
സീത രാമനൊപ്പം വനവാസത്തിന് പോയതുപോലെ ഊര്‍മ്മിളയും ലക്ഷ്മണനൊപ്പം പോയിരുന്നെങ്കില്‍ ഇന്ദ്രജിത്തിനെ ജയിക്കാന്‍ ലക്ഷ്മണനോ അതുവഴി രാവണനെ ജയിക്കാന്‍ ശ്രീ രാമനോ കഴിയുമായിരുന്നില്ല. രാമായണകഥാഗതിയേ മാറുമായിരുന്നു. ഇവിടെയാണ് ഊര്‍മ്മിളയുടെ പ്രസക്തി.
എന്നിട്ടും ഊര്‍മ്മിളയുടെ ഈ ത്യാഗത്തിന് വേണ്ടത്ര പ്രസക്തി കിട്ടിയില്ല.
വനാന്തരത്തില്‍ ഭര്‍തൃസാമീപ്യത്തില്‍ കഴിഞ്ഞ സീതയേക്കാളും കൊട്ടാരജീവിതത്തിലെ സുഖഭോഗങ്ങള്‍ക്ക് നടുവില്‍ ഒരു തപസ്വിനിയെപ്പോലെ കഴിഞ്ഞ ഊര്‍മ്മിള എന്തുകൊണ്ടും ആദരണീയയാണ്.
ഇതുപോലെ അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടാതെ പോയ പല കഥാപാത്രങ്ങളും നമ്മുടെ പുരാണങ്ങളിലുണ്ട്. ഇത്തരക്കരെ നമുക്കുചുറ്റിലും കാണാനാകും.