Showing posts with label വെറുതേ എഴുതിയത്. Show all posts
Showing posts with label വെറുതേ എഴുതിയത്. Show all posts

Friday, October 29, 2010

ഊര്‍മ്മിള

ഇവള്‍ ഊര്‍മ്മിള !!!
രാമായണകഥയിലെ ഏറ്റവും തഴയപ്പെട്ട കഥാപാത്രങ്ങളിലൊന്ന്.
പുരാണ കഥാപാത്രങ്ങളില്‍ എനിക്കേറ്റവും പ്രീയമുള്ള ഒരു സ്ത്രീ കഥാപാത്രമാണ് ഊര്‍മ്മിള.
പതിവ്രതയായും കുലീനയായും സീതയ്ക്കൊപ്പം നിന്നിട്ടും സീതയെ വാനോളം പുകഴ്ത്തുന്ന കവികളും കഥാകാരന്മാരും ഊര്‍മ്മിളയ്ക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. ഊര്‍മ്മിള അനുഷ്ഠിച്ച ത്യാഗമോര്‍ത്താല്‍ ഊര്‍മ്മിളയ്ക്ക് സീതയോളം മഹത്വമുണ്ട്.
ഒരു സ്ത്രീയ്ക്കുള്ള എല്ലാ വികാരവിചാരങ്ങളുമുള്ള ഈ സ്ത്രീ രത്നം ഒന്നും രണ്ടുമല്ല നീണ്ട പതിനാലു സംവല്‍സരങ്ങളാണ് ഭര്‍ത്താവിനെ ഭര്‍ത്തുസഹോദരന്റേയും പത്നിയുടേയും സംരക്ഷണത്തിനായി വനവാസത്തിന് വിട്ടിട്ട് ഭര്‍ത്തൃഗൃഹത്തില്‍ എതിര്‍പ്പുകളും പരിഭവങ്ങളുമില്ലാതെ കഴിഞ്ഞുകൂടിയത്.
സീത രാമനൊപ്പം വനവാസത്തിന് പോയതുപോലെ ഊര്‍മ്മിളയും ലക്ഷ്മണനൊപ്പം പോയിരുന്നെങ്കില്‍ ഇന്ദ്രജിത്തിനെ ജയിക്കാന്‍ ലക്ഷ്മണനോ അതുവഴി രാവണനെ ജയിക്കാന്‍ ശ്രീ രാമനോ കഴിയുമായിരുന്നില്ല. രാമായണകഥാഗതിയേ മാറുമായിരുന്നു. ഇവിടെയാണ് ഊര്‍മ്മിളയുടെ പ്രസക്തി.
എന്നിട്ടും ഊര്‍മ്മിളയുടെ ഈ ത്യാഗത്തിന് വേണ്ടത്ര പ്രസക്തി കിട്ടിയില്ല.
വനാന്തരത്തില്‍ ഭര്‍തൃസാമീപ്യത്തില്‍ കഴിഞ്ഞ സീതയേക്കാളും കൊട്ടാരജീവിതത്തിലെ സുഖഭോഗങ്ങള്‍ക്ക് നടുവില്‍ ഒരു തപസ്വിനിയെപ്പോലെ കഴിഞ്ഞ ഊര്‍മ്മിള എന്തുകൊണ്ടും ആദരണീയയാണ്.
ഇതുപോലെ അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടാതെ പോയ പല കഥാപാത്രങ്ങളും നമ്മുടെ പുരാണങ്ങളിലുണ്ട്. ഇത്തരക്കരെ നമുക്കുചുറ്റിലും കാണാനാകും.

Friday, September 24, 2010

ഇന്നു ഞാന്‍ !! നാളെ നീ!!

ഓര്‍മ്മകളിലൂടെ ഒരു തീര്‍ഥയാത്ര നടത്തി അയാള്‍.


ഉയരങ്ങള്‍ കീഴടക്കാന്‍ ചവിട്ടിത്താഴ്ത്തിയ മുഖങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ആകെ തളര്‍ന്നുപോയി. വേഗത്തില്‍ ചവിട്ടിക്കയറിയ പടികള്‍ മെല്ലേയിറങ്ങുമ്പോള്‍ കയറുവാനുണ്ടായിരുന്ന ആവേശത്തിന്റെ പതിന്മടങ്ങ് ക്ഷീണം അയാള്‍ക്ക് തോന്നി.


ഇന്ന് അമ്മയുടെ ശ്രാദ്ധമൂട്ടല്‍!


മകന്‍ ഒരുപാട് ഉയരങ്ങള്‍ കീഴടക്കണമെന്ന് ആഗ്രഹിച്ച അമ്മ. ഓര്‍മ്മകളില്‍ മാത്രമായി അച്ഛന്‍ മാറിയ കുട്ടിക്കാലം മുതല്‍ തന്നെ പോറ്റി വളര്‍ത്തിയ അമ്മ. യൗവനത്തില്‍ തന്നെ വൈധവ്യത്തിന്റെ കൂരിരുട്ട് അറിഞ്ഞ തന്റെ അമ്മ അച്ഛനില്ലാത്തതിന്റെ കുറവ് അറിയാന്‍ അവസരം ഉണ്ടാക്കിയിട്ടില്ല. പൗരുഷമുള്ള സ്ത്രീയെന്ന് തന്റേടത്തോടെ നടന്നിരുന്ന അമ്മയ്ക്ക് മറ്റു പലതില്‍ നിന്നും രക്ഷപ്പെടാന്‍ അണിഞ്ഞിരുന്ന മൂടുപടമായിരുന്നു അത്. അതിനുള്ളിലെ അര്‍ദ്രത ഇന്ന് തനിക്ക് മനസ്സിലാവുന്നു.


സ്വപ്നങ്ങളെല്ലാം എന്നിലൊതുക്കിയ, എനിക്ക് ചുറ്റും മാത്രം സഞ്ചരിച്ചിരുന്ന ആ അമ്മ മനസ്സ് താന്‍ കാണാതെ പോയി. അല്ല, കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു. എന്നു മുതല്‍ക്കാണു താന്‍ ഇങ്ങനെ മാറിയത്. ആ... എനിക്കു തന്നെ നിശ്ചയമില്ല. ആ അമ്മയുടെ പ്രതീക്ഷകള്‍ക്കൊപ്പാം ഒരിക്കലും എത്താന്‍ കഴിയാത്ത ഒരു മകന്‍.


കുഞ്ഞുന്നാളില്‍ അമ്മയ്ക്ക് അസുഖം വന്നാല്‍ താന്‍ വളരെ വിഷമിച്ചിരുന്നു. വലുതാകുമ്പോള്‍ വലിയ ഡോക്ടറെ കാണിച്ച് ഒരുപാട് കാശ് ചിലവാക്കി നന്നായി നോക്കുമെന്ന് അമ്മയെ ആശ്വസിപ്പിച്ചിരുന്ന ആ മകന്‍ എവിടെ?


മകന്‍ അമ്മയുടെ അസുഖങ്ങള്‍ അറിഞ്ഞിരുന്നോ?

അറിയാന്‍ ശ്രമിച്ചിരുന്നോ?


അമ്മ തന്റെ വേദനകളൊന്നും തന്നെ അറിയിച്ചിരുന്നില്ല. മകന്‍ തന്നെ എന്നെങ്കിലും അറിയുമെന്നും അരികത്തിരുന്ന് ആശ്വസിപ്പിക്കുമെന്നും ആ പാവം കരുതിയിരിക്കാം.


ഓണവും വിഷുവുമെല്ലാം തന്നെ കാത്തിരിക്കാനുള്ള ദിവസങ്ങള്‍ മാത്രമാക്കി പ്രവാസജീവിതത്തിന്റെ തിരക്കുകളിലേക്ക് അലിഞ്ഞു ചേര്‍ന്നപ്പോള്‍, കുടുംബത്തോടൊപ്പം മകന്‍ വരുമെന്ന് സ്വ്പ്നം കണ്ടിരുന്നു അമ്മ.


ഭാവി ശോഭനമല്ലാത്ത നാട് വിട്ട് തന്റെ കൂടെ വരാന്‍ അമ്മയെ ക്ഷണിച്ചതാണു. അച്ഛനുറങ്ങുന്ന ആറടി മണ്ണില്‍ അലിഞ്ഞു ചേരാന്‍ കൊതിച്ചിരുന്ന അമ്മ പക്ഷേ ഒഴിഞ്ഞു മാറി.


ഒറ്റയ്ക്ക് കഴിയണ്ട എന്ന് പറഞ്ഞ തന്നൊട് തനൊറ്റയ്ക്ക്ല്ല നിന്റെ അച്ഛനും മുത്തച്ഛനും മറ്റെല്ലാവരും തനിക്ക് കൂട്ടിനുണ്ട് എന്നു പറഞ്ഞ് തന്നെ ആശ്വസിപ്പിച്ച അമ്മ.


ഇവിടുള്ള ഉദ്ദ്യോഗം കളയണ്ട, നിനക്ക് കഴിയാനുള്ള ചുറ്റുപാടുകളെല്ലാം ഇവിടുണ്ടല്ലോ ഇവിടെ എന്നോടൊപ്പം കഴിയാം എന്ന് അമ്മ കരഞ്ഞുപറഞ്ഞത് താന്‍ കണ്ടില്ല.


ഉയരങ്ങള്‍ കീഴടക്കാന്‍ വെമ്പിയിരുന്ന, തന്റെ സ്വപ്നങ്ങള്‍ക്ക് അന്ന് അമ്മയുടെ കണ്ണീരു കാണാന്‍ കഴിഞ്ഞില്ല.


താന്‍ അയച്ചിരുന്ന കാശിനു അമ്മയ്ക്ക് ആവശ്യമില്ലായിരുന്നു. അമ്മയുടെ ആവശ്യം എന്താണെന്ന് ഇന്ന് തനിക്ക് മനസ്സിലാവുന്നു.


ജീവിതസന്ധ്യയില്‍ തനിച്ചായ എന്നെ ആ പാഠം പഠിപ്പിക്കാന്‍ മകനിന്ന് കഴിഞ്ഞു. ചരിത്രത്തിന്റെ ആവര്‍ത്തനം.


ഇന്ന് ഞാന്‍, നാളെ നീ. തീര്‍ത്തും അന്വര്‍ത്ഥമാക്കുന്ന വരികള്‍.


അമ്മയുടെ അതേ സ്ഥാനത്ത് ഇന്ന് ഞാന്‍.


തീര്‍ത്തും ഒറ്റയ്ക്ക്.


അല്ല. ഒറ്റയ്ക്കല്ല.

ഇവിടെ എന്റെ അമ്മയുണ്ട്. ആ അദൃശ്യ സാനിധ്യം ഇവിടെയുണ്ട്. അതു തന്നെയാണിന്ന് ഇന്നെനിക്ക് ഏറ്റവും ആവശ്യം.


അമ്മയുടെ കണ്ണുനീരിനും കാത്തിരിപ്പിനും മുകളില്‍ നേടിയെടുത്ത സൗഭാഗ്യങ്ങളൊന്നും ഇന്ന് ആശ്വാസമാകുന്നില്ല. ആശ്വാസം ഈ മണ്ണില്‍, ഈ തൊടിയില്‍ ഈ വീട്ടില്‍ നിറഞ്ഞു നില്‍ക്കുന്ന അമ്മയുടെ ഓര്‍മ്മകള്‍ മാത്രം.


അതേ. അതു തന്നെയാണു ഇന്ന് എന്റെ പ്രായശ്ചിത്തം. ഇല്ല ഇനി ഒരു മടങ്ങിപ്പോക്ക് ഇല്ല. ഇനി ഞാന്‍ അമ്മയുടെ ചാരത്ത്....

Wednesday, September 1, 2010

ഇടവേളയ്ക്ക് ശേഷം

ചെറിയ ഇടവേള പറഞ്ഞ് പിരിഞ്ഞിട്ട് അല്‍പം വലിയൊരു ഇടവേളയായിപ്പോയി. നാട്ടിലെത്തി പല കാര്യങ്ങളും ശരിയാക്കാനുണ്ടായിരുന്നു. കുട്ടികളുടെ സ്കൂള്‍ അഡ്മിഷന്‍, വീട്, ജോലി തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍. വിചാരിച്ചപോലെ അത്ര ഈസിയായിരുന്നില്ല ഒന്നും.

ഇപ്പോഴെല്ലാമൊന്ന് സെറ്റിലായി വരുന്നു.

ആദ്യമൊക്കെ കുട്ടികള്‍ക്ക് നാടൊരു കൗതുകവും സന്തോഷവുമൊക്കെയായിരുന്നു. എന്നാല്‍ ഇനി എന്നാണു ഡല്‍ഹിക്ക് മടങ്ങുന്നതെന്നാണു ഇപ്പോഴത്തെ ചോദ്യം. മറുനാട്ടിലിരുന്ന് നമ്മുടെ നാട്ടിലെത്താന്‍ മനസ്സ് കൊതിക്കുന്നതുപോലെയാണു ഇപ്പോള്‍ അവര്‍ നാട്ടിലിരുന്ന് ഡല്‍ഹിക്ക് പോകാന്‍ കൊതിക്കുന്നത്. അവരുടെ സ്കൂളും കൂട്ടുകാരേയും ഉത്തരേന്ത്യന്‍ വിഭവങ്ങളുമെല്ലാം അവര്‍ വളരെ മിസ്സ് ചെയ്യുന്നു.

എങ്കിലും ഇപ്പോഴൊരു സന്തോഷമുണ്ട്. നാട്ടില്‍ ഞങ്ങളൊരു വീട് വയ്ക്കാന്‍ പോകുന്നു. പണി തുടങ്ങിക്കഴിഞ്ഞു. ഇനിയിപ്പോള്‍ വീട് പണിയുടെ തിരക്കുകളായി. ദീര്‍ഘകാലത്തെ ഞങ്ങളുടെ ഒരു സ്വപ്നമാണു നാട്ടിലൊരു പുതിയ വീട്. അതിന്റെ സന്തോഷത്തിലാണു കുട്ടികളും.

ഇടയ്ക്കിടക്ക് പോസ്റ്റുകളിടാന്‍ പറ്റിയില്ലെങ്കിലും ബ്ളോഗുകളെല്ലാം വായിക്കാന്‍ സമയം കണ്ടെത്തണം. പല ബ്ളോഗു വിശേഷങ്ങളും അറിയാതെ പോയി.

ഇനി സ്ഥിരമായി ഞാനും ഉണ്ടാവും ഈ ബ്ളോലോകത്ത്.

Thursday, March 26, 2009

മനസ്സ്

മനസ്സ് ഒരു പിടികിട്ടാപ്പുള്ളിയണെന്ന് ചിലപ്പോള്‍ തോന്നും. ഒരേ സമയം ദിവസ്വപനത്തിന്റെ ചിറകിലേറ്റി നടത്തുകയും ഭീകരസ്വപ്നങ്ങളാല്‍ പേടിപ്പെടുത്തുകയും ചെയ്യുന്ന വിരുതന്‍.

മനസ്സ് നമുക്ക് സ്വന്തമെങ്കിലും നമ്മുടെ കൈയില്‍ അതിന്റെ കടിഞ്ഞാണ്‍ പലപ്പോഴും ഉണ്ടാവാറില്ല. എവിടെയെല്ലാമാണ് അത് നമ്മെ കൊണ്ടെത്തിക്കുന്നത്.

ശരവേഗത്തിലല്ല, പ്രകാശവേഗത്തിലാണ് ഈ മനസ്സെന്ന വിരുതന്റെ സഞ്ചാരം. പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും എത്ര വേഗം നാടിന്റെ സൗന്ദര്യത്തിലേക്ക് എത്തിക്കുന്നു. എത്ര വേഗം ബന്ധുമിത്രാതികളുടെ അരികത്തെത്തിക്കുന്നു.


ഓര്‍ത്താല്‍ എന്തൊരല്‍ഭുതം! ഭാവിയുടെ ആകുലതകളില്‍ നൊമ്പരപ്പെടുന്ന മനസ്സ് എത്ര പെട്ടെന്ന് കുട്ടിക്കാലത്തിന്റെ കുസൃതികളിലേക്ക് ഊളിയിടുന്നു. ശരീരമൊന്നനക്കാന്‍ പോലുമാവതെ മരണാസന്നയായി കിടക്കുന്ന മുത്തശ്ശിമനസ്സ് എത്ര പെട്ടെന്നാണ് ഗള്‍ഫിലുള്ള ചെറുമകന്റെ അടുത്തേയ്ക്ക് പറന്നെത്തുന്നത്.

ഒരേ സമയം ഒരു കാര്യത്തിന്റെ ശരിയും തെറ്റും കാണുന്നതും മനസ്സ്.

മനസ്സ് പോകുന്നിടത്തൊക്കെ ശരീരത്തിനും പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ഹായ്! എന്തു രസമായിരിക്കും. എന്നാല്‍ ഞാനിപ്പോള്‍ത്തന്നെ നാട്ടിലേക്ക് ഓടിപ്പോയേനെ. ആറ്റിലൊന്ന് കുളിച്ച് കുടുംബക്ഷേത്രത്തില്‍ തൊഴുത്, ബന്ധുക്കളേയും കൂട്ടുകാരേയുമൊക്കെ കണ്ട് അമ്മ ഉണ്ടാക്കുന്ന ആഹാരവും കഴിച്ച് വരാമായിരുന്നു.

എന്റെ മനസ്സിന്റെ ഒരു കാര്യമേ. ഇതിനൊരു കടിഞ്ഞാണിട്ടേ പറ്റൂ. ഇങ്ങനൊക്കെ എന്തിനാ ഈ ബ്ളോഗില്‍ എഴുതുന്നതെന്നു നിങ്ങളുടെ മനസ്സ് ചോദിക്കുമായിരിക്കും. അല്ല, അതു പിന്നെ എന്റെ ബ്ളോഗിലല്ലാതെ മറ്റാരുടെയെങ്കിലും ബ്ളൊഗിലെഴുതാന്‍ പറ്റുമോ എന്ന മറുചോദ്യം ചോദിക്കുന്നതും എന്റെ മനസ്സ്. ഈ മനസ്സിനെക്കൊണ്ട് ഞാന്‍ തോറ്റു.

ഹോ! ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ എന്റെ മനസ്സിനെന്തൊരാശ്വാസം. ഇനി ഞാന്‍ ചിന്ത.കോമില്‍ പോയി അവിടെയുള്ള ബ്ളോഗു മനസ്സുകള്‍ എന്തു പറയുന്നുവെന്ന് തിരക്കിയിട്ട് വരാം.

Wednesday, March 4, 2009

സ്നേഹം നിറഞ്ഞ പുഴയ്ക്ക്,






സ്നേഹം നിറഞ്ഞ പുഴയ്ക്ക്,

എന്നാലും നീ എന്നോട് ഈ ചതി ചെയ്തല്ലോ?
ഇത്ര പെട്ടെന്ന് ഈ കളിക്കൂട്ടുകാരനെ മറന്നു പോയല്ലോ?
പിറന്നു വീണ ആ മലമുകളില്‍ നിന്നേ തുടങ്ങിയതല്ലേ ഈ ചങ്ങാത്തം. പിറന്ന അന്നു മുതല്‍ ഇന്നുവരേയും ഒരുമിച്ചായിരുന്നില്ലേ? കളിയും ചിരിയും കരച്ചിലുമെല്ലാം നാം ഒന്നിച്ചു പങ്കിട്ടിരുന്നില്ലേ?

ബാല്യകൗമരങ്ങളില്‍ നിന്റെ കളിചിരികള്‍ക്കും സംഗീതത്തിനും എന്നും കാതോര്‍ത്തിരുന്നവനല്ലേ ഞാന്‍.

യൗവനത്തില്‍ നിന്റെ ഭാവങ്ങള്‍ മാറുന്നത് ഞാന്‍ അമ്പരപ്പോടെ നോക്കിയിരുന്നു. എന്നെ കീറിമുറിച്ച് നീ വീണ്ടും വീണ്ടും വലുതായപ്പോള്‍ എന്റെ സ്നേഹത്തിന്റെ പരപ്പ് കൂടിയതല്ലേ ഉള്ളൂ.ശാന്തമായി രാത്രികളില്‍ ഒഴുകിയിരുന്ന നിനക്ക് കാവലായ് ഞാനുണ്ടായിരുന്നില്ലേ അല്ലെങ്കിലും പണ്ടും നീ ഇങ്ങനെ തന്നെയായിരുന്നു. പുതിയ പുതിയ കൂട്ടുകള്‍ക്കും ശീലങ്ങള്‍ക്കുമൊപ്പം നീ എന്നും ഭാവപ്പകര്‍ച്ച കാണിച്ചിരുന്നു.

മഴയുടെ അട്ടഹാസത്തിനൊപ്പം നീ ഒരു ഉന്മാദിനിയായി മാറും. നിന്നുടെ സ്ത്രൈണത മറന്ന് നീ ഉറഞ്ഞു തുള്ളും നിന്നുടെ അട്ടഹാസവും ശൗര്യവും കണ്ട് പലരും ഭയപ്പെട്ടിട്ടുണ്ട്.

ഇല്ല. നീ എന്നെ സ്നേഹിച്ചിട്ടില്ല.

മഴ കൂട്ടിനുണ്ടാവുമ്പോള്‍ നീ എന്നെ മറന്നു പോകും. എന്റെ വേദനകളെ നീ ഗൗനിക്കാറില്ല. എന്നില്‍ മായത്ത മുറിപ്പാടുകളുണ്ടാക്കും. എന്റെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ച് നീ ആര്‍ത്തട്ടഹസിക്കും. എന്നില്‍ കടന്നുകയറ്റം നടത്തും. എങ്കിലും ഞാനെല്ലാം ക്ഷമിക്കുമെന്ന് നിനക്കറിയാം. മഴ മാറിയാല്‍ പുതിയ ഭാവത്തോടെ സ്നേഹത്തോടെ നീ വീണ്ടും പഴയതു പോലാവും. വേദനകള്‍ മറന്ന് വീണ്ടും കൂട്ടുകൂടും. വസന്തം വരും. പൂക്കള്‍ ചിരിക്കും കിളികള്‍ പാടും. വീണ്ടും സന്തോഷത്തിന്റെ ദിനങ്ങള്‍. എന്നാലിന്നോ?

പ്രതാപിയായ സാഗരത്തെ കണ്ടപ്പോള്‍ നീ എന്നെ മറന്നു. അവന്‍ ബലവാനാണ്. അവന്റെ പ്രൗഢിയില്‍ നീ മതി മറന്നു. അവനില്‍ അലിഞ്ഞു ചേരാന്‍ നീ ആഗ്രഹിച്ചു. ഇതുവരെ ഒപ്പമുണ്ടായിരുന്ന എന്നെ നീ മറന്നു. എങ്കിലുമെന്റെ പ്രീയസഖീ, നിന്നെ ഓര്‍ത്ത് ഞാന്‍ വേദനിക്കുന്നു. അവിടെ നിനക്ക് ഒരു സ്ഥാനവുമുണ്ടാകില്ല. നിന്നെക്കുറിച്ച് ചിന്തിക്കാന്‍ അവിടെ ആരുമുണ്ടാവില്ല. നീ വെറും നിസാര. അസ്ഥിത്വമില്ലാതാകുന്ന നിന്നെ ഓര്‍ത്ത് ദുഃഖിച്ച് ഞാന്‍ ഇവിടെത്തന്നെ ഉണ്ടാകും. ഈ തീരം എന്നും നിനക്ക് സ്വന്തം.



എന്ന്,

നിന്റെ സ്വന്തം തീരം.
(ചിത്രങ്ങള്‍ ഗൂഗിളിന്റേതാണേ)