Friday, October 8, 2010

ഒരു നാടു കടത്തലിന്റെ ഓര്‍മ്മയ്ക്ക്

ഇവിടെ അടുത്ത വീട്ടില്‍ രണ്ട് പൂച്ചകളുണ്ട്.
മക്കള്‍ക്ക് ഈ പൂച്ചക്കുട്ടികളെ വലിയ ഇഷ്ടമാണ്.
അവരുടെ ഈ പൂച്ച സ്നേഹം കണുമ്പോള്‍ എനിക്ക് എന്റെ കുട്ടിക്കാലം ഓര്‍മ്മ വരും.
എന്റെ മക്കളെപ്പോലെ എന്റെ അനിയത്തിക്കും പൂച്ചകളെ വലിയ ഇഷ്ടമായിരുന്നു. എവിടെ പൂച്ചകളെ കണ്ടാലും അവള്‍ എടുത്തുകൊണ്ട് വരുമായിരുന്നു. പൂച്ചകള്‍ക്കും അവളെ ഇഷ്ടമായിരുന്നു. പൂച്ചകളെ നല്ല സുന്ദരന്മാരും സുന്ദരികളുമായി ഒരുക്കും. പേപ്പര്‍ കൊണ്ടും തുണികൊണ്ടും ഉടുപ്പ് ഉണ്ടാക്കി ഇടീക്കും. അമ്മ വാങ്ങി വയ്ക്കുന്ന പൗഡറും ചാന്തും കണ്മഷിയുമൊക്കെ അവറ്റകള്‍ക്ക് പൂശും. അമ്മയുടെ കൈയില്‍ നിന്ന് എത്ര വഴക്കും അടിയും കിട്ടിയാലും ഈ വിനോദത്തിന് ഒരു കുറവുമില്ല.
എനിക്കാണെങ്കില്‍ പൂച്ചകളെ കാണുന്നതേ അലര്‍ജിയായിരുന്നു. പൂച്ചകളുടെ കിറുകിറാന്നുള്ള ശ്ബ്ദം കേള്‍ക്കുമ്പോഴേ എനിക്ക് ദേഷ്യം വരും.
അതിനേക്കാള്‍ എനിക്ക് ദേഷ്യം തോന്നിയിരുന്നത് ആഹാരം കഴിക്കാനിരിക്കുമ്പോഴുള്ള ഇവറ്റകളുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഓട്ടമാണ്. അത് കാണുമ്പോഴേ എനിക്ക് ചര്‍ദ്ദിക്കാന്‍ വരും. ഞാന്‍ വലിയ പേപ്പര്‍ കഷ്ണത്തില്‍ നടുക്ക് ഒരു ദ്വാരം ഉണ്ടാക്കി വാലില്‍ ഇട്ടു കൊടുക്കും. അപ്പോള്‍ വാല്‍ പൊക്കിയാലും പ്രശ്നമില്ലല്ലോ..
സ്നേഹം പ്രകടിപ്പിക്കാനോ എന്നറിയില്ല, പൂച്ചകള്‍ വന്ന് ശരീരത്തില്‍ മുട്ടിയുരുമ്മും. ഞാനവരെ ഓടിച്ച് വിടും. പക്ഷേ അനിയത്തി പൂച്ചകളെ മടിയില്‍ വച്ച് ഓമനിക്കും. ഈ പൂച്ച സ്നേഹം കാരണം അവള്‍ക്ക് പൂച്ചകുഞ്ഞി എന്ന് വിളിപ്പേരുണ്ടായിരുന്നു.
കണ്ണെഴുതി പൊട്ടുതൊട്ട പൂച്ചകളെകൊണ്ട് വീട് നിറഞ്ഞു.
സോഫയിലും കസേരകളിലും വന്നിരുന്നാല്‍ മുടി പൊഴിയും എന്ന് പറഞ്ഞ് അമ്മ എന്നും വഴക്കാണ്.
അങ്ങനെ പൂച്ചകളെ നാട് കടത്താന്‍ അമ്മ തീരുമാനിച്ചു.
ഇതിനായ് അമ്മ, ഞങ്ങളുടെ ഒരു കസിനെ ചട്ടം കെട്ടും. സഹായിയായി ഞാനും. കൂലിയായി രണ്ട് രൂപ ചേട്ടനും ഒരു രൂപ എനിക്കും. അന്ന് രണ്ട് രൂപയ്ക്കും ഒരു രൂപയ്ക്കും ഞങ്ങള്‍ കുട്ടികള്‍ക്ക് വലിയ വിലയാണ് കേട്ടോ.
അന്നത്തെ ആ നാടുകടത്തല്‍ യാത്ര ഓര്‍ക്കുമ്പോള്‍ ഇന്നും രസമാണ് എനിക്ക്.
അല്‍പം ദൂരേയ്ക്ക് പോകാന്‍ അമ്മയുടെ അനുവാദം കിട്ടുന്ന അപൂര്‍വ്വം സന്ദര്‍ഭമാണ്. അത് പാഴാക്കാന്‍ പറ്റില്ല.
ചാക്കില്‍ കെട്ടിയ പൂച്ചകളുമായ് പുള്ളിക്കാരന്‍ മുന്‍പിലും ഞാന്‍ പിന്നിലുമായുള്ള യാത്ര ഞങ്ങള്‍ക്ക് നല്ല രസമായിരുന്നു.
ഞ്ഞങ്ങളുടെ പുരയിടം കഴിഞ്ഞ് കുറേ ദൂരം പോകുമ്പോള്‍ ഒരു കുളമുണ്ട്. അതില്‍ നിറയെ മീനുകളുണ്ട്. പോകുന്ന വഴിക്ക് കുളത്തിലിറങ്ങി മീന്‍ പിടിക്കാന്‍ ഈ ചേട്ടന് വലിയ ഉല്‍സാഹമാണ്. ധാരാളം മീന്‍ പിടിച്ചുകളയും എന്ന ഭാവമാണ് പുള്ളിക്ക്. പക്ഷേ കുഞ്ഞ് വാല്‍മാക്രികളെ മാത്രമേ കിട്ടുകയുള്ളൂ എന്നതാണ് സത്യം.
കുളവും വയലും തോടും കടന്നുള്ള ആ യാത്രയ്ക്ക് ഒരു പിക്നിക്കിന്റെ സുഖമുണ്ടായിരുന്നു. വഴിയില്‍ കാണുന്ന പൂക്കളും ചെടികളുമൊക്കെ ശേഖരിച്ചാണ് എന്റെ യാത്ര. ചെടികളും പൂക്കളും അന്നും ഇന്നും എന്റെ ഹരമാണ്.
പൂച്ചകളെ നാടു കടത്താന്‍ പറ്റിയ സ്ഥലമെത്തിയാല്‍ ഞങ്ങള്‍ സഞ്ചി തുറന്ന് പൂച്ചകളെ സ്വതന്ത്രരാക്കും. എന്നിട്ട് അവരെ ശ്രദ്ധിക്കാതെ അല്‍പം കൂടി മുന്നോട്ട് പോകും. വല്ല മരത്തിന്റേയോ മറ്റോ പുറകിലൊളിച്ച് രഹസ്യമായ് പൂച്ചകളെ നിരീക്ഷിക്കലാണ് അടുത്ത പടി.
ചിലത് ദയനീയമായി ഞങ്ങളെ നോക്കുന്നത് കാണാം. ചിലത് അങ്ങോട്ടും ഇങ്ങോട്ടും ഓടിയിട്ട് ഞങ്ങളുടെ പുറകേ വരും. പൂച്ചകളുടെ ദയനീയമായ നോട്ടം കാണുമ്പോള്‍ എന്റെ പൂച്ച വിരോധമെല്ലാം പമ്പ കടക്കും.
ഇനി ഇവര്‍ക്ക് എങ്ങനെ ആഹാരം കിട്ടും. പട്ടിണി കിടന്ന് ചത്തു പോകുമല്ലോ, വിശന്നു കരയുന്ന സീനൊക്കെ മനസ്സില്‍ സങ്കല്‍പിക്കുമ്പോള്‍ വല്ലാത്ത സങ്കടം വരും. പിന്നെ സ്നേഹത്തോടെ തിരികെ വിളിക്കും. ചിലര്‍ തിരികെ വരും. ചിലത് ഓടിക്കളയും.
തിരികെ കിട്ടിയവരേയും കൊണ്ട് ഒരു മടക്കയാത്ര.
വഴിക്ക് കിട്ടിയ കാശ് ചിലവാക്കാനും ഞങ്ങള്‍ മറക്കാറില്ല.
പൂച്ചകളേയും കൊണ്ട് തലയും താഴ്ത്തി അമ്മയുടെ മുന്നില്‍ ചെല്ലുന്ന സീന്‍ ഓര്‍ക്കുമ്പോള്‍ ഇന്ന് ചിരി വരും. ഒപ്പം കാശ് പാഴായ് പോയതിലുള്ള അമ്മയുടെ ദേഷ്യവും.
ഇതൊരു സ്ഥിരം പരിപാടിയായപ്പോള്‍ മുന്‍കൂര്‍ പണം തരുന്ന ഏര്‍പ്പാട് അമ്മ നിര്‍ത്തി. ജോലി കഴിഞ്ഞിട്ട് കൂലി എന്ന നിലപാടെടുത്തു.
കാശ് കിട്ടണമെങ്കില്‍ നാട് കടത്താതെ വയ്യ എന്നായി.
അങ്ങനെ പൂച്ചകളെ നാടു കടത്തി വിജയശ്രീലാളിതരായി അമ്മയുടെ മുന്നില്‍ ഗമയില്‍ കൂലിക്ക് കൈ നീട്ടുമ്പോഴായിരിക്കും അമ്മ മുറിക്കുള്ളിലേക്ക് കൈ ചൂണ്ടുന്നത്. ആ ചൂണ്ടുന്നിടത്ത് ഞങ്ങളൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവത്തോടെ ഞങ്ങള്‍ നാട് കടത്തിയവര്‍ ഞങ്ങള്‍ക്ക് മുന്നേ സീറ്റ് പിടിച്ചിരിക്കുന്നത് കാണുമ്പോഴുള്ള ആ അവസ്ഥ !!
പൂച്ചകളോട് തോന്നുന്ന ഒരു അരിശം.
വേറുതേ നടന്നത് മിച്ചം.
വീണ്ടും പൂച്ച വിരോധം തല പൊക്കും.

24 comments:

പാറുക്കുട്ടി said...

ഒരു നാട് കടത്തലിന്റെ ഓര്‍മ്മയ്ക്ക്

രമേശ്‌ അരൂര്‍ said...

പൂച്ചകളുടെ പ്രാക്ക് കിട്ടിയത് കൊണ്ടാകും ഡോക്ടര്‍ ആകാനുള്ള ഭാഗ്യം നഷ്ടപ്പെട്ടത്...അമ്മയുടെ കാശും പോയി പൂച്ചകളുടെ പ്രാക്കും കിട്ടി..:)
ഇപ്പോളും പൂച്ചകളെ നാട് കടത്തണം എന്ന് തോന്നുന്നുണ്ടോ ? ആരും ഇല്ലാതെ വരുമ്പോള്‍
ഒരു 'പൂച്ചക്കാളി'യെങ്കിലും നമ്മളെ നോക്കാന്‍ വേണമെന്ന് ഇനിയെങ്കിലും ഓര്മ വയ്ക്കണേ ..
നല്ല നല്ല കഥകളുമായി വീണ്ടും വരിക

HAINA said...

പൂച്ച കഥ നന്നായി

sreee said...

ഞങ്ങളുടെ നാട്ടുകാര്‍ പൂച്ചക്കുട്ടികളെ നാട് കടത്തുന്നത് ഞങ്ങളുടെ പറമ്പിലേക്ക് ആയിരുന്നു . ഞാന്‍ എടുത്തു കൊണ്ട് പോരും എന്ന് അവര്‍ക്ക് അറിയാം . പാവം പൂച്ചകള്‍

പാറുക്കുട്ടി said...

മേശ് അരൂര്‍ : ശരിയായിരിക്കം, പൂച്ചകള്‍ എന്നെ പ്രാകിയിട്ടുണ്ടൊ ആവോ? എന്നാലും ദയനീയമായ നോട്ടം കാണുമ്പോള്‍ തിരികെ കൊണ്ട് വന്നിട്ടുണ്ട് കേട്ടോ.

ഏതായാലും വായിക്കാന്‍ വന്നതില്‍ സന്തോഷം

haina : കഥ നന്നായി എന്നറിയിച്ചതില്‍ സന്തോഷം

sree : എന്റെ അനിയത്തിയപ്പോലെ ശ്രീയും ഒരു പൂച്ച സ്നേഹിയാണല്ലോ

Pushpamgadan Kechery said...

nannayittund.
aasamsakal...

jyo.mds said...

പാറുക്കുട്ടി-
പാവം പൂച്ചക്കുട്ടികള്‍-ഞാന്‍ ബോബെയില്‍ താമസ്സിക്കുന്ന കാലത്ത് ഞങ്ങളുടെ ബില്‍ഡിങ്ങിന്റെ സ്റ്റോര്‍ റൂമിനടുത്ത് കുറെ പൂച്ചക്കുട്ടികളുണ്ടായിരുന്നു.അവര്‍ക്ക് അവിടെയുണ്ടായിരുന്ന ഒരു ജാപ്പാനീസ് സ്ത്രീ എന്നും പലതരം ഭക്ഷണവും കൊടുക്കുമായിരുന്നു.ആ സീന്‍ ഓര്‍മ്മ വന്നു.

kuttipparus world said...

rasamund kto...ente veettil eppozhum und oru poochayum moonnu kuttikalum...prayaschitham cheyyanamenkil...ente thanne perulla thankalk vendi a tygam anushtikkan jan ....thayrane...

മുകിൽ said...

കൊള്ളാംട്ടോ. പൂച്ചവിരോധവൂം പൂച്ചസ്നേഹവും. രസിച്ചു.

പാറുക്കുട്ടി said...

pushpamgad : നന്ദി

jyo : നന്ദി, അപ്പോള്‍ അവിടേയും പൂച്ചകുട്ടികളുണ്ടായിരുന്നല്ലേ

kuttipparus world : അതുകൊള്ളാം. കുട്ടിപ്പാറൂസേ, ത്യാഗമൊന്നും ചെയ്തില്ലേലും കാണാന്‍ വന്നൂല്ലോ. അത് തന്നെ സന്തോഷം

മുകില്‍ : രസിച്ചൂന്ന് പറഞ്ഞതില്‍ സന്തോഷം

Echmukutty said...

എനിയ്ക്ക് പൂച്ചക്കഥ പിടിച്ചു. ഇനിയും വരാം

പദസ്വനം said...

നന്നായി...എനിക്കിത് തന്നെ വേണം.. ഒരു പൂച്ചസ്നേഹി.. അല്ല...ഒരു പൂച്ചപ്രാന്തിയായ ഞാന്‍ ഈ blogi-ല്‍ തന്നെ വന്നെത്തിപെട്ടു...
എന്നെ എന്റെ ചേട്ടന്‍ പൂച്ചകളുടെ ഹോസ്റ്റല്‍ warden എന്നാണ് വിളിച്ചിരുന്നത്... sreee പറഞ്ഞത് പോലെ.. എന്നും എന്റെ വീടിനു മുന്‍പില്‍ അമ്മത്തൊട്ടിലിലേക്ക് എന്ന പോലെ പൂച്ചകളെ ഇറക്കി വിടുമായിരുന്നു....

പട്ടേപ്പാടം റാംജി said...

ഈ പൂച്ചകളെ എത്ര ദൂരെ കൊണ്ടുപോയി കളഞ്ഞാലും നമ്മള്‍ തിരികെ എത്തുന്നതിനു മുന്‍പ്‌ അവ തിരികെ എത്തുമെന്നാണ് പറയുന്നത്.
ഓര്‍മ്മകള്‍ നല്ല രസായിട്ട് എഴുതി.

റോസാപ്പൂക്കള്‍ said...

പണ്ടു ഞങ്ങളും പൂച്ചയെ ഇതു പോലെ ചാക്കില് കെട്ടി നാടു കടത്തിയിട്ടുണ്ട്.ചില വില്ലന്മാര് തിരികെ എത്തുകയും ചെയ്യും

ente lokam said...

njaan vannu pettathu poocha snehiyude
adutho poocha virodhiyude adutho?
poocha snehi aanenkil maathram enne
parichayappettaal mathi ketto...
allenkil de ivide nirthi...

ഒഴാക്കന്‍. said...

അമ്പടി പൂച്ചകള്ളി

വിജയലക്ഷ്മി said...

പാറുകുട്ടി :പൂച്ചകഥ നന്നായിട്ടുണ്ട് .ആറുമാസക്കാലം ഇവിടെ ഇല്ലാത്തതിനാല്‍ ബ്ലോഗ്‌ വിശേഷങ്ങള്‍ ഒന്നും അറിഞ്ഞില്ല ..

പാറുക്കുട്ടി said...

Echmukutty : പൂച്ചക്കഥ ഇഷ്ടപ്പെട്ടു, ഇനിയും വരാം എന്നറിയിച്ചതില്‍ സന്തോഷം.

പദസ്വനം : ഞാനൊരു പൂച്ചവിരോധിയൊന്നുമല്ല കേട്ടോ. പൂച്ചകളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍ എന്ന പേര് ഇഷ്ടമായി.

പട്ടേപ്പാടം റാംജി : നന്ദി

റോസാപ്പൂക്കള്‍ : ഇപ്പോഴാണ് എനിക്ക് സമാധാനമായത്. എന്നെപ്പോലെ ഓരാളെ കാണാന്‍ കഴിഞ്ഞല്ലൊ


ente lokam : അയ്യോ, പിണങ്ങിപ്പോകല്ലേ, ഞാന്‍ ഒരു പൂച്ചവിരോധിയൊന്നുമല്ലേയ് !! (സത്യം ആരും കേള്‍ക്കണ്ട)

ഒഴാക്കന്‍ : നന്ദി

വിജയലക്ഷ്മി : പൂച്ചക്കഥ ഇഷ്ടമായതില്‍ സന്തോഷം. ഞാനും കുറച്ചൊരു ഇടവേള കഴിഞ്ഞാണ് ഇവിടേയ്ക്ക് വന്നത്. ഞാന്‍ ഇടയ്ക്ക് ആന്റിയുടെ ബ്ളോഗില്‍ വന്നിരുന്നു. ആന്റി ഇനി സജീവമായി ബ്ളോഗില്‍ ഉണ്ടാവുമെന്ന് കരുതാം അല്ലേ.

Indiamenon said...

അസ്സലായിട്ടോ.

സത്യം പറയാല്ലോ. ശരിക്കും ഇതുപോലെ ഞാനും പണ്ട് ഒരു പൂച്ചയെ ചാക്കില്‍ ആക്കി കടത്തിച്ചതാണ് ..

ചാക്ക് ഏറ്റിയ പണിക്കാരന് ചായക്ക്‌ കൊടുത്ത രണ്ടു രൂപയുടെ നഷ്ടം ഇപ്പോഴും ആലോചിക്കുമ്പോള്‍ ഓര്‍മകളില്‍ ഒരു ചിരി വിടര്‍ത്തുന്നു

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നുമ്മ ഇത് ഒരുപാട് ചെയ്തതാ.മാര്‍ജാര സന്തതി പിറ്റേന്ന് കാലത്ത് വീട്ടുപടിയില്‍ ഉണ്ടാകും
ആശംസകള്‍

മൻസൂർ അബ്ദു ചെറുവാടി said...

വീട്ടിലെ പൂച്ചകളെ നാട് കടത്തലിനെതിരെ വീട്ടില്‍ ഒറ്റയ്ക്ക് സമരം നയിച്ചിട്ടുണ്ട് ഞാന്‍.
കാരണം അന്നും ഇന്നും എനിക്ക് പൂച്ചകളെ ഇഷ്ടാണ്.
ഈ പൂച്ചപുരാണം ഇഷ്ടായി.
ആശംസകള്‍

TPShukooR said...

അതങ്ങനെയാ. നമ്മള്‍ എത്തുന്നതിനു മുമ്പ്‌ പൂച്ച വീടെത്തും. എത്ര കണ്ടിരിക്കുന്നു. നല്ല പോസ്റ്റ്‌.

പാറുക്കുട്ടി said...

Indiamenon, ഇസ്മായില്‍ കുറുമ്പടി (തണല്‍), ചെറുവാടി, Shukoor Cheruvadi : എല്ലാവര്‍ക്കും നന്ദി

ente lokam said...

പിണങ്ങുന്നില്ല.പക്ഷെ നിങ്ങള്‍ എല്ലാം ഇതുങ്ങളെ
ചാകില്‍ കെട്ടി കൊണ്ടുപോകുന്നവര്‍ ആണ് എന്ന്
മനസ്സിലായി.എന്റെ പാവം ഗള്‍ഫ്‌
കുട്ടി.അതിനെ ഫ്ഫ്ലാടിനു താഴെ വിട്ടാല്‍ നമ്മുടെ
മക്കളെപ്പോലെ അവിടെ
നിന്ന് വട്ടം കറങ്ങും.തനി ഗള്‍ഫ്‌ കുഞ്ഞു..ഹ..ഹ..